Sunday, 17 November 2013

വിഗ്രഹാരാധന

ബഹുദൈവാരാധകരായ ആളുകള്‍ പലപ്പോഴും വിഗ്രഹാരാധകര്‍ ആയിരിക്കും. ദൈവങ്ങളുടെ പ്രതീകമായിട്ടാണ് അവര്‍ വിഗ്രഹങ്ങളെ കാണുക. പ്രാര്‍ഥിക്കുമ്പോള്‍ ഏകാഗ്രത കിട്ടാനാണ് വിഗ്രഹങ്ങള്‍ വെക്കുന്നത് എന്നാണല്ലോ വിഗ്രാഹാരാധകരുടെ ന്യായം. വാസ്തവത്തില്‍ ഇതും ദൈവത്തെ നിന്ദിക്കുന്ന പ്രവൃത്തിയാണ്. നമ്മെ ഓര്‍ക്കാനോ ശ്രദ്ധ കേന്ദ്രീകരിക്കാനോ വേണ്ടി ഒരാള്‍ നായയുടെയോ കുരങ്ങിന്റെയോ കുറ്റിചൂലിന്റെയോ ചിത്രമോ പ്രതിമയോ വെച്ചാല്‍ എങ്ങനെയിരിക്കും? അത് അംഗീകരിച്ചു കൊടുക്കുമോ? ഇല്ല എങ്കില്‍ ഈ പ്രപഞ്ചത്തിലെ സകലതും ദൈവത്തിന്റെ സൃഷ്ടികളും അവനേക്കാള്‍ എത്രയോ നിസ്സാരവുമാണ്.
വിഗ്രാഹാരാധനയിലൂടെ ദൈവത്തെ കുറിച്ച സങ്കല്‍പ്പം മാറുന്നു. ദൈവത്തെ ഓര്‍ക്കുമ്പോള്‍ വിഗ്രഹം എന്ന നിസ്സാരവസ്തു ഓര്‍മയില്‍ വരുന്നു. കാലാന്തരത്തില്‍ വിഗ്രഹം തന്നെ ദൈവം എന്ന ധാരണ അറിയാതെ ഉടലെടുക്കുന്നു.

സ്വാമി ദയാനന്ദ സരസ്വതി എഴുതിയത് കാണുക:

"പരമേശ്വരന്‍ സര്‍വ വ്യാപിയായിരിക്കെ ഒരു വസ്തുവിങ്കല്‍ മാത്രം പരമേശ്വരനെ ഭാവന കൊണ്ട് സങ്കല്‍പ്പിക്കുകയും മറ്റൊരിടത്തും അവ്വണ്ണം സങ്കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്നത് ചക്രവര്‍ത്തിയായ ഒരുവനെ അവന്റെ സമസ്ത സാമ്രാജ്യത്തില്‍ നിന്നും പൃഥക്കരിച്ച് ചെറിയൊരു കുടിലിന്റെ സ്വാമിയായി വിചാരിക്കുന്നത് പോലെയാണ്. അത് ഒരു സാര്‍വഭൌമന്ന് എത്ര വലിയ അപമാനമാണെന്ന് ആലോചിച്ചു നോക്കുക." (സത്യാര്‍ത്ഥപ്രകാശം പേജ്: 515)
വിഗ്രാഹാരധനയും ബഹുദൈവത്വവും സാക്ഷാല്‍ ദൈവത്തെ മാത്രമല്ല നമ്മെയും അപമാനിക്കലാണ്. കാരണം ഈ പ്രപഞ്ചത്തിലെ സൃഷ്ടികളില്‍ ദൈവം ആദരിച്ച മനുഷ്യന്‍ അവനേക്കാള്‍ നിസ്സാരമായ വസ്തുക്കളെ ദൈവമാക്കി ആരാധിക്കുന്നത് സ്വയം നിന്ദയാണ്.